പ്രഥമ ഉമ്മൻ ചാണ്ടി കാരുണ്യ പുരസ്കാരം തിരുവനന്തപുരം സി.എച്ച് സെൻ്ററിന് സമ്മാനിച്ചു
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്മരണാർത്ഥം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഏറ്റവും നല്ല സംഘടനക്ക് തിരുവനന്തപുരം ജില്ല കോൺഗ്രസ് കമ്മിറ്റി ഏർപെടുത്തിയ പ്രഥമ ഉമ്മൻ ചാണ്ടി കാരുണ്യ പുരസ്കാരം തിരുവനന്തപുരം സി.എച്ച് സെൻ്ററിന് ലഭിച്ചു. കഴിഞ്ഞ 20 വർഷമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് നിർദ്ധനരായ ക്യാൻസർ രോഗികൾക്ക് വേണ്ടി സി.എച്ച് സെൻ്റർ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ഈ അവാർഡ് സമ്മാനിച്ചത്.
ക്യാഷ് പ്രൈസും മൊമൻ്റോയും പ്രശസ്തി പത്രവും ശ്രീ തരൂർ എം.പിയിൽ നിന്ന് സി.എച്ച് സെൻ്ററിന് വേണ്ടി ഭാരവാഹികളായ ടി.വി ഇബ്രാഹിം എം.എൽ എ , മുഹമ്മദ് ഷമീം എ എന്നിവർ ഏറ്റുവാങ്ങി. സ്ഥാപനവുമായി ഏറെ ഹൃദയബന്ധമുള്ള ജനനേതാവായ ഉമ്മൻ ചാണ്ടിയുടെ പേരിൽ ആദ്യമായി ഏർപെടുത്തിയ പുരസ്കാരം ലഭിച്ചതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് തിരുവനന്തപുരം സി.എച്ച് സെൻ്റർ പ്രസിഡണ്ട് ഇ.ടി മുഹമദ് ബഷീർ എം.പി പ്രതികരിച്ചു.



