തിരുവനന്തപുരം സി.എച്ച് സെന്റര്‍ അനക്‌സ്: ഫണ്ട് ശേഖരണത്തിനായി സ്‌പെഷ്യല്‍ ക്യാമ്പയിനിലൂടെ
തലസ്ഥാന നഗരിയിലെത്തുന്ന നിരാലംബരായ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ആശ്വാസമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റ്റര്‍ പ്രവര്‍ത്തന വിപുലീകരണാര്‍ത്ഥം നിര്‍മ്മിക്കുന്ന പുതിയ അനക്‌സ് കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് സ്‌പെഷ്യല്‍ ക്യാമ്പയിനിലൂടെ ഫണ്ട് കണ്ടെത്താന്‍ തീരുമാനം. കാമ്പയിന്‍ പ്രഖ്യാപനം ഈ മാസം അവസാനം നടക്കും. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ചേര്‍ന്ന സി.എച്ച് സെന്റര്‍ ഭാരവാഹികളുടെ യോഗത്തില്‍ പ്രസിഡന്റ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അധ്യക്ഷ്യത വഹിച്ചു,. സി.എച്ച് സെന്റര്‍ ഭാരവാഹികളായ കെ.പിഎ മജീദ് എം.എല്‍ എ , ഡോ.എം.കെ മുനീര്‍ എം.എല്‍ എ , പ്രൊഫ.കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ , ടി.വി ഇബ്രാഹിം എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍ എം.എല്‍ എ എന്നിവര്‍ ക്യാമ്പയിന് നേതൃത്വം വഹിക്കും. ജില്ലാ തല ഏകോപനത്തിനായി ഭാരവാഹികളായ യു.സി രാമന്‍ എക്‌സ് എം.എല്‍ എ ( കോഴിക്കോട്), മണ്‍വിള സൈനുദ്ധീന്‍ (തിരുവനന്തപുരം) , ഐ ഇബ്രാഹിം കുട്ടി കരുനാഗപള്ളി (കൊല്ലം) , ടി എം സലീം (ഇടുക്കി, ആലപ്പുഴ), അഡ്വ കെ.ഐ റഷീദ് (എറണാകുളം , കോട്ടയം) , അഡ്വ ഹലീം കണിയാപുരം (പത്തനംതിട്ട, തൃശൂര്‍) , ഹുമയൂണ്‍ കബീര്‍ ( പാലക്കാട്) , നസീം ഹരിപ്പാട് (വയനാട്) , സി.എച്ച് മഹ്മൂദ് ഹാജി തിരൂരങ്ങാടി (മലപ്പുറം), പി.കെ മുനീര്‍ (കണ്ണൂര്‍, കാസര്‍ഗോഡ്), നിസാര്‍ കാടേരി (മീഡിയ കോഡിനേറ്റര്‍) എന്നിവര്‍ക്ക് ചുമതല നല്‍കി.
2004 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എംപി പ്രസിഡന്റായ സി.എച്ച് സെന്റര്‍ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ദിനംപ്രതി രോഗികളും കൂട്ടിരിപ്പുകാരുമായ 250 ലധികം ആളുകള്‍ക്ക് സൗജന്യ താമസവും ഭക്ഷണവും, മാസംതോറും മൂന്ന് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം, അടിയന്തിര ഘട്ടങ്ങളില്‍ രക്തദാനം, അര്‍ഹതയുള്ളവര്‍ക്ക് സൗജന്യ ആംബുലന്‍സ് തുടങ്ങിയ സേവനങ്ങള്‍ ചെയ്ത് വരികയാണ്. മാസം തോറും 13 ലക്ഷം രൂപയാണ് സി.എച്ച് സെന്ററില്‍ ചെലവ് വരുന്നത്. സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാന്‍ വേണ്ടി സെന്ററിനോട് ചേര്‍ന്ന് വാങ്ങിയ 17 സെന്റ് സ്ഥലത്ത് നാല് നിലകളിലുള്ള അനക്‌സ് കെട്ടിടമാണ് നിര്‍മ്മിക്കുന്നത്. മള്‍ട്ടി സ്‌പെഷ്യാലിറ്റി ന്യൂറോ ആന്റ് ഫിസിയോ തെറാപ്പി സെന്റര്‍, വെയ്റ്റിങ്ങ് ലോഞ്ച്, റൂമുകള്‍, ആധുനിക കിച്ചണ്‍ എന്നിവ അടങ്ങുന്ന പ്രൊജക്ടിന് എട്ട് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് തുറന്നു നല്‍കാനാണ് ഉദേശിക്കുന്നത്. ഈ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ‘തിരുവനന്തപുരം സി.എച്ച് സെന്റര്‍ ഇനി കൂടുതല്‍ വിശാലതയിലേക്ക് ‘ എന്ന ശീര്‍ഷകത്തില്‍ സ്‌പെഷ്യല്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ച് ഫണ്ട് കണ്ടെത്തുന്നത്. തിരുവനന്തപുരം സി.എച്ച് സെന്ററിനായി ആദ്യമായാണ് ഇത്തരത്തില്‍ ഒരു ക്രൗഡ് ഫണ്ടിങ് നടത്തുന്നത്.



